Monday, November 2, 2009

cricket match

ഒരു തണുത്ത വെളുപ്പാന്‍ കാലം... ഉറക്കം പാതി ഉണര്‍ന്നു... പക്ഷെ, രാവിലെ ഉള്ള ഈ ഉറക്കത്തിന് ഒരു പ്രത്യേക സുഖമാണ്...

അമ്മ രാവിലെ റേഡിയോ വച്ചത് കൊണ്ട് സമയം അറിയാന്‍ ബുദ്ധിമുട്ടില്ല... എം എസ്സ് സുബ്ബലക്ഷ്മി പതിവു പോലെ അന്നും വെങ്കടേശ്വര സുപ്രഭാതം പാടുന്നു...

പിന്നെയും ഉറങ്ങി പോയോ ?

"പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍..." ഉം... ആറേ മുക്കലായി... ഒരു അഞ്ചു മിനുട്ട് കൂടി കിടക്കാം...

"സമ്പ്രതി വാര്‍ത്ത‍ഹ സുയന്തം... പ്രവാചഹ ബലദവനാന്ത്‌ സാഗരഹ ... " ഇനി കിടന്നാല്‍ ശരിയാവില്ല... സമയം 6:55...ഏഴേ മുക്കലിന്റെ ക്രൈസ്റ്റ് പോയാല്‍ പിന്നെ എട്ടേ മുക്കലിന്റെ ഭഗവതിയേ ഉള്ളൂ... പിന്നെ ക്ലാസ്സില്‍ എത്താന്‍ ലേറ്റ് ആകും...

ചാടി എഴുന്നേറ്റു... അപ്പോഴാണ് ഓര്‍ത്തത്‌... ഇന്നു ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് മാച്ച് ഉണ്ട്... ഉമ്മറത്ത്‌ പോയി... പത്രം എടുത്തു ഒന്നു മറച്ചു നോക്കി... വല്ല സമരമോ വിദ്യാഭ്യാസ ബന്തോ.. ഒന്നുമില്ല... കോളേജില്‍ പോയേ പറ്റൂ..

അര മണിക്കൂര്‍ കൊണ്ട് റെഡി ആയി... ബ്രേക്ക്‌ ഫാസ്റ്റിന് കഞ്ഞിയും ചമ്മന്തിയും... നല്ല ചൂടുണ്ട്... സാരമില്ല.. ഒറ്റ വലിക്കു അകത്താക്കി... സാഹിത്യകാരന്‍ സ്റ്റൈലില്‍ ഉള്ള തോള്‍ സഞ്ചി തൂക്കി ഇറങ്ങിയപ്പോള്‍ സമയം 07:40

ബസ്സ് സ്റ്റോപ്പിലേക്ക് 15 മിനുട്ട് നടക്കാനുള്ള ദൂരമുണ്ട്... ആ ദൂരം ഇനി 5 മിനിട്ട് കൊണ്ട് എത്തിയാലേ ക്രൈസ്റ്റ് കിട്ടൂ... സഞ്ചി കയ്യില്‍ പിടിച്ചു ഓടി...

പിന്നാലെ വന്ന ബാലന്‍റെ പട്ടിയെ ബാഗ്‌ വീശി വീണ്ടും ഓടി... പഞ്ചായത്ത് കിണറിന്റെ അടുത്ത് വെള്ളം കോരി കൊണ്ട് നിന്ന സ്ത്രീകള്‍ പറയുന്നത് കേട്ടു... "ഇതെന്നും ഉള്ളതാ... സമയം ഏഴേ മുക്കാല്‍ ആയി എന്നറിയാന്‍ ക്ലോക്ക് നോക്കണ്ട..."

തക്ക മറുപടി പറയാന്‍ നാക്ക് ചൊറിഞ്ഞു വന്നെങ്കിലും സമയം ഇല്ലാത്തതിനാല്‍ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ച് വീണ്ടും ഓടി...

മിക്ക ദിവസത്തെയും പോലെ "ഭാഗ്യത്തിന്" ബസ്സ് കിട്ടി... റെയില്‍വേ ഗേറ്റ് അടച്ചിരുന്നത് കൊണ്ട് ക്രൈസ്റ്റ് വൈകി യാണ് വന്നത്...

കോളേജില്‍ സൈമണ്‍ സാറിന്‍റെ trigometry ക്ലാസും ചാക്കോ സാറിന്‍റെ ഹിന്ദി ക്ലാസും കഴിഞ്ഞപ്പോള്‍ സമയം 11:30... അപ്പോഴും മനസ്സില്‍ ചിന്ത... ആദ്യ ഇന്നിങ്ങ്സ്‌ പകുതി ആയി കാണും... ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിച്ചു ഇറങ്ങിയത്‌ കൊണ്ട് ആയിരിക്കും ക്ലാസ്സ് കട്ട്‌ ചെയ്ത് മുന്‍ പരിചയം ഇല്ല... പ്രീ ഡിഗ്രി ഒന്നാം വര്‍ഷം ക്ലാസ്സ് തുടങ്ങി രണ്ടു മാസമേ ആയുള്ളൂ...

മൂന്നാമത്തെ ക്ലാസ്സ് എടുക്കേണ്ട സ്റ്റീഫന്‍ അച്ചന്‍ ഇന്ന് ഇല്ല... പിന്നെ ലഞ്ച് സമയം... ഉച്ച കഴിഞ്ഞു ഫിസിക്സ്‌... മാണി സാര്‍ ലോങ്ങ്‌ ലീവില്‍ ആണ്... അവസാനത്തേത് സത്യന്‍ സാറിന്‍റെ ഇംഗ്ലീഷ് ക്ലാസ്സ്... ചുരുക്കി പറഞ്ഞാല്‍... മൂന്ന് മണിക്കൂര്‍ വെയിറ്റ് ചെയ്താല്‍ ഒരു ഇംഗ്ലീഷ് ക്ലാസ്സ് അറ്റന്‍ഡ് ചെയ്ത് വീട്ടില്‍ പോവാം... കളി കാണാനും പറ്റില്ല...

സത്യന്‍ സാറിനെ കണ്ട് തേര്‍ഡ് hour എടുക്കാന്‍ അപേക്ഷിച്ച് നോക്കി... രക്ഷയില്ല... അങ്ങനെ ജീവിതത്തില്‍ ആദ്യമായി... ക്ലാസ്സ് കട്ട്‌ ചെയ്യാന്‍ തീരുമാനിച്ചു... വീട്ടിലേക്ക് കുതിച്ചു... രണ്ടാമത്തെ ഇന്നിങ്ങ്സ്‌ എങ്ങിലും കാണാമല്ലോ...

വീട്ടിലെത്തി... അമ്മയോട് ഒന്നും പറയാതെ നേരെ കളിയിലേക്ക്... ആദ്യം സമരം ആയിരിക്കുമെന്ന് കരുതി അമ്മ ഒന്നും ചോദിച്ചില്ല.... പിന്നെ മകന്‍ ടി വി യുടെ മുന്നില്‍ അട ഇരിക്കുന്നത് കണ്ട് അമ്മക്ക് സംശയമായി.... ഇത്ര വേഗം കോളേജില്‍ നിന്നു മടങ്ങിയതിന്റെ കാര്യം അന്വേഷിച്ചു...

എന്‍റെ ഉള്ളിലെ സത്യസന്ധത സട കുടഞ്ഞ്‌ എഴുന്നേറ്റു... അതും ഒരു ഇംഗ്ലീഷ് ക്ലാസ്സ് മിസ്സ്‌ ചെയ്തത് അത്ര വലിയ പാപം ഒന്നും അല്ലെന്നു മനസ്സ് പറഞ്ഞു... ഞാന്‍ അമ്മയോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞു....

അങ്ങനെ അന്ന് ഞാന്‍ കോളേജ് ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു പാഠം പഠിച്ചു...

അന്ന് മുതല്‍ ജീവിത്തില്‍ ഒരിക്കലും..... ഒരിക്കല്‍ പോലും..... ഞാന്‍ ക്ലാസ്സ് കട്ട്‌ ചെയ്തു എന്ന് വീട്ടില്‍ പറഞ്ഞിട്ടില്ല....

4 comments:

  1. 'അന്ന് മുതല്‍ ജീവിത്തില്‍ ഒരിക്കലും..... ഒരിക്കല്‍ പോലും..... ഞാന്‍ ക്ലാസ്സ് കട്ട്‌ ചെയ്തു എന്ന് വീട്ടില്‍ പറഞ്ഞിട്ടില്ല.... '

    haha that was good...welcome to the virtual saahithya lokam....and appreciate the good start...porattae eniyum rachanakal....

    ReplyDelete
  2. Kollam ... Starting was much better than the end .. Nice flow, I had underestimated your 'sahithya' skills .. :)

    ReplyDelete
  3. Thnx for reminding about that Suprabhatham, praadeshika vaarthakal and baladevanantha sagara... :)

    ReplyDelete
  4. This is mind blowing man.
    why did you stop at this

    ReplyDelete